Pages

Monday, January 20, 2014

പടച്ചോനെ കണ്ടോ

കള്ളൻ അയമു പെരകമണ്ണ ഗ്രാമത്തിന്റെ ഒരു കുരുവായിരുന്നു. എപ്പോഴാണ് എവിടെയാണ് പൊട്ടുക എന്നറിയാത്ത ഒരു കുരു. കണ്ണിൽ കണ്ട, പൊക്കാൻ പറ്റുന്ന എന്തും അയമു പൊക്കിയിരിക്കും. പോലീസിന്റെയും നാട്ടുകാരുടെയും അടിയും കുത്തും ചവിട്ടുമൊക്കെ ആവോളം കൊണ്ടിട്ടും അയമു നന്നായിട്ടില്ല. ഒടുവിൽ ഒസ്സാൻ കുഞ്ഞാപ്പു നാട്ടുകാരുടെ മുൻപിൽ ഒരു നിർദ്ദേശം വെച്ചു. അടുത്തിടെ പള്ളിയിൽ പുതുതായി വന്ന ഇമാം കാസിം മുസ്ലിയാർ ചുരുങ്ങിയ നാൾ കൊണ്ട് എത്രയോ കുരുത്തം കെട്ട ചെറുക്കന്മാരെ ഉപദേശിച്ചു നന്നാക്കിയെടുത്തിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ ക്രത്യമായി പള്ളിയിലും വരുന്നുണ്ട്. അയമുവിനെയും ഒന്ന് ഉപദേശിച്ചു നന്നാക്കാൻ മുസ്ലിയാരെ ഏൽപ്പിച്ചാലോ?  അങ്ങനെ നാട്ടുകാര് അയമുവിന്റെ കാര്യം മുസ്ലിയാരെ ഏൽപ്പിച്ചു. കാസിം മുസ്ലിയാർ ഒരു വൈകുന്നേരം അയമുവിനെയും കൂട്ടി നടക്കാൻ ഇറങ്ങി. ചാലിയാറിന്റെ തീരത്ത് പോയി രണ്ടു പേരും ഇരുന്നു. മുസ്ലിയാർ ഉപദേശം തുടങ്ങി. എന്ത് പറഞ്ഞാലും അയമു അതിനെ എതിർത്ത് സംസാരിക്കും. മുസ്ലിയാർ ക്ഷമയുടെ നെല്ലിപ്പലക കാണാനും തുടങ്ങി. ഒടുവിൽ മുസ്ലിയാർ പടച്ചോന്റെ കാര്യം പറഞ്ഞു. അയമുവിനു ഒരു കൂസലുമില്ല. പടച്ചോനെ കാണാതെ വിശ്വസിക്കില്ല എന്നായി അയമു. പടച്ചോനെ കാണാൻ പറ്റില്ലെന്ന മുസ്ലിയാരുടെ വാദങ്ങളൊന്നും അയമു അംഗീകരിക്കുന്നില്ല. അവസാനം ദേഷ്യം സഹിക്ക വയ്യാതെ മുസ്ലിയാർ അയമുവിനെയും കൊണ്ട് പുഴയിലേക്ക് എടുത്തു ചാടി. നിലയില്ലാ  വെള്ളത്തിൽ അയമുവിന്റെ തല പിടിച്ചു വെള്ളത്തിൽ മുക്കി പിടിച്ചു ശ്വാസം പോകുമെന്ന അവസ്ഥയിൽ പൊക്കി പിടിച്ചു ചോദിച്ചു...
"പടച്ചോനെ കണ്ടോ അയമൂ ..."
"ഇല്ല മൊയ്ലിയാരെ..."
വീണ്ടും ഇത് തന്നെ ആവർത്തിച്ചു..പല പ്രാവശ്യം ആയപ്പോൾ മുങ്ങി പൊങ്ങിയ അയമു മുസ്ലിയാരോട് തിരിച്ചൊരു ചോദ്യം...
"അല്ല മൊയിലിയാരെ... നിക്കൊരു സംശയം...ഈ പടച്ചോൻ ഇവടെതന്നെയാണ് മുങ്ങിയത്  ന്ന്  ങ്ങൾക്ക് നല്ല ഒറപ്പുണ്ടോ..."

പാവപ്പെട്ടവരെ സഹായിച്ചവർ

സ്വർഗത്തിന്റെ കാവൽക്കാരൻ പുണ്യവാളൻ സ്വർഗത്തിൽ പ്രവേശിച്ച ഓരോരുത്തരെയായി   വിലയിരുത്തുകയാണ്. അന്ന് സ്വർഗത്തിൽ എത്തിയവർക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഭൂമിയിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടും ചില സൽപ്രവർത്തികൾ അവരെ സ്വർഗത്തിൽ എത്തിച്ചു. ആദ്യം എത്തിയ ഒരു ക്രിമിനൽ വക്കീലിനോട്‌ പുണ്യവാളൻ ചോദിച്ചു. "ഒരുപാട് കൊടും കുറ്റവാളികൾക്ക് വേണ്ടി വാദിച്ചു അവരെ കൊലമരത്തിൽ നിന്നും രക്ഷിച്ചു ക്രൂരത കാട്ടിയ താൻ എങ്ങിനെ സ്വർഗത്തിൽ എത്തി?"
വക്കീൽ : "നിഷ്ക്കളങ്കരായ ഏതാനും പാവപ്പെട്ടവരെ ഞാൻ കൊലക്കയറിൽ നിന്നും രക്ഷിച്ചിട്ടുണ്ട് പ്രഭോ.."
"ശരി...താൻ ആ കാണുന്ന മഞ്ഞ ലൈറ്റ് ഇട്ട റൂമിലേക്ക്‌ പൊയ്ക്കോളൂ..."
അടുത്തതായി ഒരു ഡോക്ടർ എത്തി.
" രോഗികളിൽ നിന്നും പണം പിടുങ്ങിയിരുന്ന താൻ എങ്ങിനെ ഇവിടെ എത്തി.?"
"പാവപ്പെട്ട കുറെ രോഗികളെ ഞാൻ സൗജന്യമായി ചികിൽസിച്ചിരുന്നു പ്രഭോ.."
" ഓ...താൻ ആ കാണുന്ന നീല ലൈറ്റ് കാണുന്ന റൂമിലേക്ക്‌ നടന്നോളൂ..."
പിന്നീട് എത്തിയത് ഒരു അദ്ധ്യാപകൻ.
"കുട്ടികളെ ക്രൂരമായി മർദ്ദിച്ചു പഠിപ്പിച്ചിരുന്ന താങ്കള് എങ്ങിനെ ഇവിടെയെത്തി...?"
"ഒരു പാട് പാവങ്ങളായ കുട്ടികളെ ഒട്ടും മർദ്ദിക്കാതെ തന്നെ പഠിപ്പിച്ചിട്ടുണ്ട് പ്രഭോ..."
"താങ്കൾ ആ കാണുന്ന വെള്ള ലൈറ്റ് കാണുന്ന മുറിയിലേക്ക് പോയിക്കോളൂ..."
അടുത്തതായി എത്തിയത് ഒരു വേശ്യ...
"താൻ എങ്ങിനെ ഇവിടെയെത്തി...?"
"ഭൂമിയിൽ ഒരുപാട് പാവപ്പെട്ടവരെ ഞാനും സുഖിപ്പിച്ചിട്ടുണ്ട് പ്രഭോ..."
ഒരു നിമിഷം ആലോചിച്ചു പുണ്യവാളൻ: " താൻ ദേ... ആ കാണുന്ന എന്റെ റൂമിലേക്ക്‌ നടന്നോളൂ..."
............................ 

Sunday, January 19, 2014

മൈനസ് ബോൾ

വർഷങ്ങൾക്ക് മുമ്പാണ്. 
ഫിഫയുടെ മൈനസ് ബോൾ നിയമങ്ങൾക്കു മുമ്പുള്ള കഥ. 
ബൂട്സും ഷൊർറ്റ്സും ഇല്ലാതെ വെറും കാലു കൊണ്ട് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന നാട്ടിൻപുറത്തെ ഒരു പറ്റം ജനങ്ങള്. കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളും മൊട്ട പറമ്പുകളും ആയിരുന്നു അവരുടെ താവളം. ശക്തിയുടെ പര്യായമായിരുന്നു മൊയ്ദു എന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ ഫോർവേഡ് താരം. മൊയ്ദു ഗോൾ പോസ്റ്റിലേക്ക് അടിച്ച ഒരു ബോൾ ലക്‌ഷ്യം തെറ്റി പോയി ഒരു പറങ്കി മാവിൽ ചെന്ന് കൊണ്ടപ്പോൾ ഒരു കൊമ്പു മൊത്തം താഴെ പൊട്ടി വീണതിനു ശേഷമാണത്രേ അയാള് ടീമിന്റെ സ്ഥിരം ഫോർവേഡ് ആയത്. അതുപോലെ തന്നെയായിരുന്നു ഞങ്ങളുടെ ടീമിന്റെ ഫുൾ ബാക്ക് ചോയിയേട്ടൻ. ഏതൊരു ടീമിന്റെയും ഫോർവേഡ് താരങ്ങളുടെ പേടി സ്വപ്നം. ഉരുക്കുകോട്ട എന്നറിയപ്പെട്ടിരുന്ന ചോയിയേട്ടൻ. പിന്നെ ഗോൾ കീപ്പർ സുലൈമാൻ. ചെറുതായിട്ട് ഒന്ന് രണ്ടു പിരി ലൂസ് ഉണ്ടെന്നു അസൂയാലുക്കൾ പറയും. ആള് ധൈര്യവാൻ. ചീറിപ്പാഞ്ഞു വരുന്ന ഏതൊരു പന്തും നിഷ്പ്രയാസം കൈപ്പിടിയിൽ ഒതുക്കും സുലൈമാൻ. 
ചുരുക്കി പറഞ്ഞാൽ ഒന്നിനൊന്നു മെച്ചപ്പെട്ട കിടിലൻ കളിക്കാർ ഞങ്ങളുടെ ടീമിൽ ഉണ്ടായിട്ടും ടൂർണമെന്റുകളിൽ ഞങ്ങളുടെ ടീം തോൽക്കും. സാധാരണ തോൽവിയല്ല. സെൽഫ് ഗോൾ വീണാണ് തോൽവി. ഇതൊരു പതിവായപ്പോൾ തോൽ‌വിയിൽ മനം നൊന്ത ഒരു ആരാധകനും നാട്ടു പ്രമാണിയുമായ മാനുഹാജി  സുലൈമാനോട്‌ ചൂടായി.
 "ജ്ജ് എന്ത് ഗോളിയാ ഡാ... ഏതു വല്ല്യ അടിയും പുടിച്ച് ആളാവണ അനക്ക്‌ മൈനസ് ബോൾ പുടിച്ചാൽ എന്താടാ?"
സുലൈമാന്റെ മറുപടി. "ഹാജിയാരെ, മൊയ്ദൂന്റെ അടി ഞാൻ പുടിക്കും. ചോയിന്റെ മയിനസ്... ആ ബോൾ ന്നെക്കൊണ്ടെന്നല്ല ഒരാളെക്കൊണ്ടും പുടിക്കാൻ കൈയൂല... ഓൻ ജീവനെ പേടീൽ അടിക്കണേ ആ മയ്നസ് ബോളിന്റെ വെയിറ്റ് ങ്ങക്ക് പറഞ്ഞാൽ മനസ്സിലാവൂല....." 

Wednesday, January 15, 2014

പരലോകത്തും ഫുട്ബോൾ

ഫുട്ബാൾ കമ്പക്കാരുടെ നാടായ മലപ്പുറത്തെ രണ്ടു സുഹൃത്തുക്കൾ പോക്കരും ബീരാനും. പന്തുകളി എവിടെയുണ്ടെങ്കിലും അവർ ഒരുമിച്ചു പോയി കാണും. പ്രായം ഏറിയതോടെ മക്കളുടെയും  പേരക്കുട്ടികളുടെയും കണ്ണ് വെട്ടിച്ചാണ് കളി കാണാൻ പോക്ക്. മരിച്ചു കഴിഞ്ഞാൽ പരലോകത്ത് ഫുട്ബാൾ കളി ഉണ്ടാവുമോ എന്ന് രണ്ടു പേർക്കും സംശയം. അതിനു പരിഹാരം എന്നോണം രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തി. ആരാണോ ആദ്യം മരിക്കുന്നത് അയാള് പരലോകത്തെ പന്ത് കളിയുടെ വിവരങ്ങൾ അതീവ രഹസ്യമായി മറ്റെയാളെ അറിയിക്കണം.
നാളുകൾ കഴിഞ്ഞു. ഒരു ദിവസം പോക്കര് മരിച്ചു. കൂട്ടുകാരന്റെ വേർപാടിൽ മനം നൊന്തു കഴിയുകയായിരുന്ന ബീരാന്റെ മുൻപിൽ ഒരു രാത്രി പോക്കര് പ്രത്യക്ഷപ്പെട്ടു. "ബീരാനേ, പരലോകത്തെ പന്തുകളിയെ കുറിച്ച് രണ്ടു കാര്യങ്ങൾ നെന്നോട് പറയാനുണ്ട്‌. ഒന്ന് നെനെക്ക് സന്തോഷം ഉള്ളതും ഒന്ന് ദുഖവും. ഏതു വേണം?"
"ആദ്യം സന്തോഷമുള്ള വാർത്ത പോരട്ടെ"
" സന്തോഷമുള്ള വാർത്ത പരലോകത്തും ഫുട്ബോൾ ഉണ്ടെടാ... സെവൻസ് ടൂർണമെന്റ് വരെ നടക്കുന്നുണ്ട്. സങ്കടമുള്ള വാർത്ത‍ നാളത്തെ കളിയിൽ ലൈൻ റഫറി നീയാണ് ബീരാനേ...."

Saturday, February 2, 2013

പൂവിന്‍റെ പേര് പറയൂ...


നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കോട്ടയത്തു നിന്നും പുതുതായി സ്കൂളില്‍ ഒരു സാര്‍ വന്നു. പേര് മാത്തുകുട്ടി. ഞങ്ങള്‍ക്ക് തികച്ചും അപരിചിതമായ കോട്ടയം സ്റ്റൈല്‍ മലയാളം ആദ്യമായി കേള്‍ക്കുന്നതും സാറില്‍ നിന്നാണ്. ‘ച്ച് പുട്യാട് ല്ലാ’ എന്നതിന് ‘എനിക്കറിയത്തില്ല’ എന്ന് സാര്‍ പറഞ്ഞത് കേട്ടു ഞങ്ങള്‍ ഒരു പാട് കളിയാക്കി ചിരിച്ചിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിരുന്ന ഏറനാടന്‍ സ്ലാന്ഗ് അതായിരുന്നു ഞങ്ങള്‍ക്കറിയാവുന്ന മലയാളം.
ഒരു ദിവസം സാര്‍ പുതിയൊരു കാര്യം ക്ലാസ്സില്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരു പൂവിന്‍റെ പേരു പറഞ്ഞാല്‍ ആ കുട്ടിയുടെ സ്വഭാവ വിശേഷങ്ങള്‍ സാറ് പറയും.
ആദ്യത്തെ ഊഴം ക്ലാസ് ലീഡര്‍ സുരേഷിന്‍റെതായിരുന്നു. സുരേഷ് എണീറ്റ് നിന്ന് പറഞ്ഞു. “ചെമ്പരത്തി”
സാറ് സുരേഷിന്‍റെ സ്വഭാവ ഗുണങ്ങള്‍ പറഞ്ഞു. ഏതാണ്ടൊക്കെ ശരിയായിരുന്നെന്ന് ഞങ്ങള്‍ക്ക് തോന്നി. പിന്നീട് ഓരോരുത്തരായി സുപരിചിതമായ ഓരോ പൂക്കളുടെ പേരും പറഞ്ഞു... റോസ്, ചെമ്പകം, മല്ലിക.... അങ്ങനെ നീണ്ടു.
അടുത്ത ഊഴം കുഞ്ഞി മുഹമ്മദ്‌ എന്ന കുഞ്ഞാപ്പുവിന്റെതായിരുന്നു...
കണ്ണും പൂട്ടി നിന്ന് കുഞ്ഞി മുഹമ്മദ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. “ചക്കര കേങ്ങിന്റെ പുഗ്”
കേട്ട സാറിന് ഒന്നും മനസ്സിലായില്ല... (മധുരക്കിഴങ്ങിന്റെ പൂവ്) എന്നാണ് കുഞ്ഞി മുഹമ്മദ്‌ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ക്കും തോന്നിയില്ല...
“ലോകത്തില്‍ എന്ത് മാത്രം പൂകള് ഒണ്ട്... കര്‍ത്താവെ ഇതെന്നാ പൂവാ ഡോ” എന്ന സാറിന്റെ ചോദ്യത്തിന് കുഞ്ഞി മുഹമ്മദിന്റെ മറുപടി ഇങ്ങനെ... “ചക്കര കേങ്ങിന്റെ പുഗ് അറ്യാത്ത ഇയാള് എവുട്ത്തെ മാസ്റ്റാ ഡാ ..”

Friday, February 1, 2013

കേള്‍ക്കുന്നില്ലാ...


മഞ്ചേരിയിലെ പഴയ മുനിസിപ്പാലിറ്റി ഓഫീസിന്‍റെ പരിസരത്ത് വൈകുന്നേരം ജോലി കഴിഞ്ഞ് ലോറി ഡ്രൈവര്‍മാര്‍  എല്ലാവരും ഒത്തുകൂടും. ഓരോരുത്തരും തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളും കുടുംബ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുന്ന വേദി. ഇവരിലെ കാരണവര്‍ ആയിരുന്നു ഡ്രൈവര്‍ ഹംസാക്ക. ഒരു വൈകുന്നേരം ചര്‍ച്ച ഹംസാക്കാന്റെ കെട്ടിയോള്‍ കദീസുവിനെ കുറിച്ചായിരുന്നു... പ്രശ്നം വേറൊന്നുമല്ല... ഈയിടെയായി കദീസൂന്റെ ചെവിക്ക് എന്തോ കുഴപ്പമുണ്ടെന്നു ഹംസാക്കാക്ക് ഒരു സംശയം. സംശയം തോന്നാന്‍ കാരണമുണ്ട്. എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയായി വരുന്നത് വേറെ എന്തോ വ്യക്തമാവാത്തത്... മക്കളൊക്കെ കല്യാണം കഴിഞ്ഞു പോയി വീട്ടില്‍ തനിച്ചായത്‌ കൊണ്ടാവും എന്നാണ് ഇതു വരെ തോന്നിയത്. പ്രശ്നം ചര്‍ച്ചക്ക് വിട്ടു. വാസുവേട്ടന്‍ ഒരു പരിഹാരം നിര്‍ദേശിച്ചു... ശാസ്ത്രീയം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പരിഹാരം ഇതായിരുന്നു... ചെവിക്കു കുഴപ്പമുള്ളവര്‍ ഒരു കാരണവശാലും രോഗം ഉണ്ടെന്നു സമ്മതിക്കൂലാ... ചികിത്സ തുടങ്ങുന്നതിനു മുമ്പായി രോഗം എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിയണം... അതിനുള്ള വഴി ഒരേ ശബ്ദത്തില്‍ ഒരു കാര്യം തന്നെ ദൂരെ നിന്നും അടുത്ത് നിന്നും പറയുക. ദൂരെ നിന്ന് പറയുന്നതാണ് കേള്‍ക്കാത്തതെങ്കില്‍ വല്യ പ്രശ്നമില്ല. സംഗതി എല്ലാവരും അംഗീകരിച്ചു...
അന്ന്‍ ഹംസാക്ക കുറച്ചു നേരത്തേ വീട്ടിലെത്തി. റോഡില്‍ നിന്നും വീട്ടു വളപ്പിലേക്ക് കയറിയപ്പോള്‍ സാമാന്യം ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മുന്‍ വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു തള്ളി തുറന്നപ്പോഴും നേരത്തേ പറഞ്ഞ അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മറുപടിയില്ലാ... ഇവള്‍ അടുക്കളയില്‍ ആയിരിക്കും... അടുക്കള വാതിലിനടുത്ത് എത്തിയപ്പോളും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കദീസു അടുക്കളയിലും ഇല്ല.... പുറത്ത് കിണറ്റിന്‍ കരയില്‍ ഇരുന്നു മീന്‍ മുറിക്കുകയാണ്. അടുത്ത് ചെന്ന ഹംസാക്ക വീണ്ടും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കലി തുള്ളി കദീസു മീന്‍ മുറിക്കുന്ന കത്തിയുമായി എണീറ്റു...
“മനുസാ...ബെട്ടും ഞാന്‍ കത്ത്യോണ്ട്... മൂന്ന് വട്ടം ഞാന്‍ ബിളിച്ചു പറഞ്ഞു, ഞാന്‍ ഇബടെ മീന്‍ നന്നാക്കുവാ ന്ന്... ഞ്ഞ് പറയാന് ന്നെ കൊണ്ട് ആവൂലാ...”
ഒരാഴ്ച കഴിഞ്ഞു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം പെരിന്തല്‍മണ്ണ മൌലാനാ ആശുപത്രിയില്‍ ചെവിക്കു ഓപറേഷന്‍ കഴിഞ്ഞു കിടക്കുന്ന ഹംസാക്കയെ കുറിച്ചായിരുന്നു.

Sunday, January 20, 2013

കുറുപ്പ് മാഷിന്‍റെ ഉപായം

ഒരു പഴയ കാല എല്‍.പി.സ്കൂള്‍...ഹെഡ് മാസ്റ്റര്‍ രാമ കൃഷ്ണന്‍ മാഷ്‌ ആകപ്പാടെ അസ്വസ്ഥനാണ്. കാരണം എ.ഇ.ഓ സ്കൂള്‍ പരിശോധിക്കാന്‍ വരുന്നു...കുട്ടികളുടെ ഹാജര്‍ നില വളരെ കുറവ്... പതിവ് പോലെ പരിഹാരം  കാണാന്‍ സ്കൂളിലെ സീനിയര്‍ അദ്ധ്യാപകന്‍ കുറുപ്പ് മാഷിന്‍റെ സഹായം തേടി. കുറുപ്പ് മാഷ്‌ ഒരു ഉപായം പറഞ്ഞു കൊടുത്തു. 

എ.ഇ.ഓ വന്നു. പതിവിനു വിപരീതമായി എ.ഇ.ഓ ക്ലാസ് റൂമിലേക്ക് പോകുന്നതിനു പകരം ഓഫീസ് റൂമിന്‍റെ മുന്നില്‍ വരാന്തയില്‍ ഒരു കസേരയിട്ട് കൊടുത്തു. ചായയും പഴം പൊരിയും മുന്നിലുണ്ട്. ഹെഡ് മാസ്റ്റര്‍ പറഞ്ഞു.."സാര്‍ ചായ കുടിക്കൂ...ഓരോ ക്ലാസ്സിലെയും കുട്ടികളെ വരി വരിയായി അതാതു ക്ലാസ്സിലെ അദ്ധ്യാപകര്‍ ഇതു വഴി കൊണ്ടുവരും..."  

ഈ സമയം കുറുപ്പ് മാഷ്‌ മൊത്തം കുട്ടികളെയും സ്വരൂപിച്ചു ഒരു ലൈന്‍ ആക്കി നിര്‍ത്തി, ഒരു ടീച്ചറുടെ കൂടെ മുന്‍ ഭാഗത്തേക്ക് പറഞ്ഞു വിട്ടു. തങ്ങളുടെ മുമ്പിലൂടെ കടന്നു പോകുന്ന വരി നോക്കി ഹെഡ് മാസ്റ്റര്‍ എ.ഇ.ഓ യോട് പറഞ്ഞു..."ഈ വരുന്നത് നാലാം ക്ലാസ് ബി.." 

ഇതേ കുട്ടികള്‍ മറ്റൊരു അദ്ധ്യാപകന്റെ കൂടെ വീണ്ടും വന്നു..." മൂന്നു സി.."

മൂന്നാം റൌണ്ട് കടന്നു പോകുമ്പോള്‍ എ.ഇ.ഓ ഹെഡ് മാസ്റ്ററുടെ ചെവിയില്‍ ഇങ്ങിനെ പറഞ്ഞു..."മാഷേ... ദയവായി അടുത്ത റൌണ്ടില്‍ ദേ... ആ മൂന്നാമത് നില്‍ക്കുന്ന  കോങ്കണ്ണന്‍ ഉണ്ടല്ലോ അവനെയൊന്നു മാറ്റിയാല്‍ നന്നായിരുന്നു..."