Pages

Saturday, February 2, 2013

പൂവിന്‍റെ പേര് പറയൂ...


നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കോട്ടയത്തു നിന്നും പുതുതായി സ്കൂളില്‍ ഒരു സാര്‍ വന്നു. പേര് മാത്തുകുട്ടി. ഞങ്ങള്‍ക്ക് തികച്ചും അപരിചിതമായ കോട്ടയം സ്റ്റൈല്‍ മലയാളം ആദ്യമായി കേള്‍ക്കുന്നതും സാറില്‍ നിന്നാണ്. ‘ച്ച് പുട്യാട് ല്ലാ’ എന്നതിന് ‘എനിക്കറിയത്തില്ല’ എന്ന് സാര്‍ പറഞ്ഞത് കേട്ടു ഞങ്ങള്‍ ഒരു പാട് കളിയാക്കി ചിരിച്ചിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിരുന്ന ഏറനാടന്‍ സ്ലാന്ഗ് അതായിരുന്നു ഞങ്ങള്‍ക്കറിയാവുന്ന മലയാളം.
ഒരു ദിവസം സാര്‍ പുതിയൊരു കാര്യം ക്ലാസ്സില്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരു പൂവിന്‍റെ പേരു പറഞ്ഞാല്‍ ആ കുട്ടിയുടെ സ്വഭാവ വിശേഷങ്ങള്‍ സാറ് പറയും.
ആദ്യത്തെ ഊഴം ക്ലാസ് ലീഡര്‍ സുരേഷിന്‍റെതായിരുന്നു. സുരേഷ് എണീറ്റ് നിന്ന് പറഞ്ഞു. “ചെമ്പരത്തി”
സാറ് സുരേഷിന്‍റെ സ്വഭാവ ഗുണങ്ങള്‍ പറഞ്ഞു. ഏതാണ്ടൊക്കെ ശരിയായിരുന്നെന്ന് ഞങ്ങള്‍ക്ക് തോന്നി. പിന്നീട് ഓരോരുത്തരായി സുപരിചിതമായ ഓരോ പൂക്കളുടെ പേരും പറഞ്ഞു... റോസ്, ചെമ്പകം, മല്ലിക.... അങ്ങനെ നീണ്ടു.
അടുത്ത ഊഴം കുഞ്ഞി മുഹമ്മദ്‌ എന്ന കുഞ്ഞാപ്പുവിന്റെതായിരുന്നു...
കണ്ണും പൂട്ടി നിന്ന് കുഞ്ഞി മുഹമ്മദ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. “ചക്കര കേങ്ങിന്റെ പുഗ്”
കേട്ട സാറിന് ഒന്നും മനസ്സിലായില്ല... (മധുരക്കിഴങ്ങിന്റെ പൂവ്) എന്നാണ് കുഞ്ഞി മുഹമ്മദ്‌ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ക്കും തോന്നിയില്ല...
“ലോകത്തില്‍ എന്ത് മാത്രം പൂകള് ഒണ്ട്... കര്‍ത്താവെ ഇതെന്നാ പൂവാ ഡോ” എന്ന സാറിന്റെ ചോദ്യത്തിന് കുഞ്ഞി മുഹമ്മദിന്റെ മറുപടി ഇങ്ങനെ... “ചക്കര കേങ്ങിന്റെ പുഗ് അറ്യാത്ത ഇയാള് എവുട്ത്തെ മാസ്റ്റാ ഡാ ..”

Friday, February 1, 2013

കേള്‍ക്കുന്നില്ലാ...


മഞ്ചേരിയിലെ പഴയ മുനിസിപ്പാലിറ്റി ഓഫീസിന്‍റെ പരിസരത്ത് വൈകുന്നേരം ജോലി കഴിഞ്ഞ് ലോറി ഡ്രൈവര്‍മാര്‍  എല്ലാവരും ഒത്തുകൂടും. ഓരോരുത്തരും തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളും കുടുംബ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുന്ന വേദി. ഇവരിലെ കാരണവര്‍ ആയിരുന്നു ഡ്രൈവര്‍ ഹംസാക്ക. ഒരു വൈകുന്നേരം ചര്‍ച്ച ഹംസാക്കാന്റെ കെട്ടിയോള്‍ കദീസുവിനെ കുറിച്ചായിരുന്നു... പ്രശ്നം വേറൊന്നുമല്ല... ഈയിടെയായി കദീസൂന്റെ ചെവിക്ക് എന്തോ കുഴപ്പമുണ്ടെന്നു ഹംസാക്കാക്ക് ഒരു സംശയം. സംശയം തോന്നാന്‍ കാരണമുണ്ട്. എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയായി വരുന്നത് വേറെ എന്തോ വ്യക്തമാവാത്തത്... മക്കളൊക്കെ കല്യാണം കഴിഞ്ഞു പോയി വീട്ടില്‍ തനിച്ചായത്‌ കൊണ്ടാവും എന്നാണ് ഇതു വരെ തോന്നിയത്. പ്രശ്നം ചര്‍ച്ചക്ക് വിട്ടു. വാസുവേട്ടന്‍ ഒരു പരിഹാരം നിര്‍ദേശിച്ചു... ശാസ്ത്രീയം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പരിഹാരം ഇതായിരുന്നു... ചെവിക്കു കുഴപ്പമുള്ളവര്‍ ഒരു കാരണവശാലും രോഗം ഉണ്ടെന്നു സമ്മതിക്കൂലാ... ചികിത്സ തുടങ്ങുന്നതിനു മുമ്പായി രോഗം എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിയണം... അതിനുള്ള വഴി ഒരേ ശബ്ദത്തില്‍ ഒരു കാര്യം തന്നെ ദൂരെ നിന്നും അടുത്ത് നിന്നും പറയുക. ദൂരെ നിന്ന് പറയുന്നതാണ് കേള്‍ക്കാത്തതെങ്കില്‍ വല്യ പ്രശ്നമില്ല. സംഗതി എല്ലാവരും അംഗീകരിച്ചു...
അന്ന്‍ ഹംസാക്ക കുറച്ചു നേരത്തേ വീട്ടിലെത്തി. റോഡില്‍ നിന്നും വീട്ടു വളപ്പിലേക്ക് കയറിയപ്പോള്‍ സാമാന്യം ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മുന്‍ വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു തള്ളി തുറന്നപ്പോഴും നേരത്തേ പറഞ്ഞ അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മറുപടിയില്ലാ... ഇവള്‍ അടുക്കളയില്‍ ആയിരിക്കും... അടുക്കള വാതിലിനടുത്ത് എത്തിയപ്പോളും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കദീസു അടുക്കളയിലും ഇല്ല.... പുറത്ത് കിണറ്റിന്‍ കരയില്‍ ഇരുന്നു മീന്‍ മുറിക്കുകയാണ്. അടുത്ത് ചെന്ന ഹംസാക്ക വീണ്ടും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കലി തുള്ളി കദീസു മീന്‍ മുറിക്കുന്ന കത്തിയുമായി എണീറ്റു...
“മനുസാ...ബെട്ടും ഞാന്‍ കത്ത്യോണ്ട്... മൂന്ന് വട്ടം ഞാന്‍ ബിളിച്ചു പറഞ്ഞു, ഞാന്‍ ഇബടെ മീന്‍ നന്നാക്കുവാ ന്ന്... ഞ്ഞ് പറയാന് ന്നെ കൊണ്ട് ആവൂലാ...”
ഒരാഴ്ച കഴിഞ്ഞു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം പെരിന്തല്‍മണ്ണ മൌലാനാ ആശുപത്രിയില്‍ ചെവിക്കു ഓപറേഷന്‍ കഴിഞ്ഞു കിടക്കുന്ന ഹംസാക്കയെ കുറിച്ചായിരുന്നു.

Sunday, January 20, 2013

കുറുപ്പ് മാഷിന്‍റെ ഉപായം

ഒരു പഴയ കാല എല്‍.പി.സ്കൂള്‍...ഹെഡ് മാസ്റ്റര്‍ രാമ കൃഷ്ണന്‍ മാഷ്‌ ആകപ്പാടെ അസ്വസ്ഥനാണ്. കാരണം എ.ഇ.ഓ സ്കൂള്‍ പരിശോധിക്കാന്‍ വരുന്നു...കുട്ടികളുടെ ഹാജര്‍ നില വളരെ കുറവ്... പതിവ് പോലെ പരിഹാരം  കാണാന്‍ സ്കൂളിലെ സീനിയര്‍ അദ്ധ്യാപകന്‍ കുറുപ്പ് മാഷിന്‍റെ സഹായം തേടി. കുറുപ്പ് മാഷ്‌ ഒരു ഉപായം പറഞ്ഞു കൊടുത്തു. 

എ.ഇ.ഓ വന്നു. പതിവിനു വിപരീതമായി എ.ഇ.ഓ ക്ലാസ് റൂമിലേക്ക് പോകുന്നതിനു പകരം ഓഫീസ് റൂമിന്‍റെ മുന്നില്‍ വരാന്തയില്‍ ഒരു കസേരയിട്ട് കൊടുത്തു. ചായയും പഴം പൊരിയും മുന്നിലുണ്ട്. ഹെഡ് മാസ്റ്റര്‍ പറഞ്ഞു.."സാര്‍ ചായ കുടിക്കൂ...ഓരോ ക്ലാസ്സിലെയും കുട്ടികളെ വരി വരിയായി അതാതു ക്ലാസ്സിലെ അദ്ധ്യാപകര്‍ ഇതു വഴി കൊണ്ടുവരും..."  

ഈ സമയം കുറുപ്പ് മാഷ്‌ മൊത്തം കുട്ടികളെയും സ്വരൂപിച്ചു ഒരു ലൈന്‍ ആക്കി നിര്‍ത്തി, ഒരു ടീച്ചറുടെ കൂടെ മുന്‍ ഭാഗത്തേക്ക് പറഞ്ഞു വിട്ടു. തങ്ങളുടെ മുമ്പിലൂടെ കടന്നു പോകുന്ന വരി നോക്കി ഹെഡ് മാസ്റ്റര്‍ എ.ഇ.ഓ യോട് പറഞ്ഞു..."ഈ വരുന്നത് നാലാം ക്ലാസ് ബി.." 

ഇതേ കുട്ടികള്‍ മറ്റൊരു അദ്ധ്യാപകന്റെ കൂടെ വീണ്ടും വന്നു..." മൂന്നു സി.."

മൂന്നാം റൌണ്ട് കടന്നു പോകുമ്പോള്‍ എ.ഇ.ഓ ഹെഡ് മാസ്റ്ററുടെ ചെവിയില്‍ ഇങ്ങിനെ പറഞ്ഞു..."മാഷേ... ദയവായി അടുത്ത റൌണ്ടില്‍ ദേ... ആ മൂന്നാമത് നില്‍ക്കുന്ന  കോങ്കണ്ണന്‍ ഉണ്ടല്ലോ അവനെയൊന്നു മാറ്റിയാല്‍ നന്നായിരുന്നു..." 

Saturday, January 19, 2013

എരുമ ലോണ്‍

കാരകുന്നിലെ ഹൈദര്‍ കാക്ക ഐ ആര്‍ ഡി പി പദ്ധതിയുടെ ഭാഗമായി ഒരു എരുമയെ വാങ്ങാന്‍ തീരുമാനിച്ചു. ബാങ്ക് ലോണ്‍ കിട്ടും, കുറെ നടക്കേണ്ടി വരും എന്നൊക്കെ പലരും പറഞ്ഞിരുന്നു...അപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ ഹൈദര്‍ കാക്കാക്കും മനസ്സിലായി..സംഗതി എളുപ്പമല്ലാ എന്ന്. എന്തായാലും നനഞ്ഞു..ഇനി ലോണില്‍ കുളിച്ചിട്ടേ കയറൂ എന്ന വാശിയിലാണ് അദ്ദേഹം. പഞ്ചായത്ത്‌, വില്ലേജ്,താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങി പേപ്പര്‍ ജോലികള്‍ തീര്‍ത്തു സംഗതി ബേങ്ക് മാനേജരുടെ മേശപ്പുറത്ത് എത്തി. അതോടെ  അടുത്ത കടമ്പ...എങ്ങെനെയെങ്കിലും ലോണ്‍ കൊടുക്കാതിരിക്കാന്‍ ബാങ്ക് മാനേജര്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തും...ലോണ്‍ കിട്ടാന്‍ വേണ്ടി കച്ച മുറുക്കി ഹൈദര്‍ കാക്കയും.

വരാനിരിക്കുന്ന എരുമക്ക്‌ വേണ്ടി ഒരു തൊഴുത്ത് പണിയാന്‍ ബേങ്ക് മാനേജര്‍ ഉത്തരവിട്ടു. തൊഴുത്തിന്റെ നീളം വീതി തുടങ്ങി എല്ലാം മാനേജരുടെ നിര്‍ദേശ പ്രകാരം ചെയ്തു..ഒടുവില്‍ ആ ദിവസം വന്നു... ബാങ്ക് മാനേജര്‍ തൊഴുത്ത് പരിശോധിക്കാന്‍ വരുന്നു...

തൊഴുത്തിനു ചുറ്റും മാനേജര്‍ നടക്കാന്‍ തുടങ്ങി...എന്തെങ്കിലും കുറ്റം കണ്ടു പിടിക്കണമെന്ന വാശിയോടെ...കണ്ടെത്തുകയും ചെയ്തു...തൊഴുത്തിന്റെ തറ സിമന്‍റ് ഇടണം. ഹൈദര്‍ കാക്കാന്റെ മറുപടി പെട്ടെന്നായിരുന്നു.

"എന്നാലൊരു കാര്യം ചെയ്യാം സാര്‍...തൊഴുത്ത് സിമന്‍റ് ഇടാം...എന്നിട്ട് ഞാനും ന്‍റെ കുട്ട്യാളും ഈ തൊഴുത്തിലേക്ക്‌ താമസം മാറ്റാം....എരുമ വീട്ടിലേക്കു കേറിക്കോട്ടെ...."

(അപ്പോഴാണ്‌ മാനേജര്‍ ഒരു കാര്യം ശ്രദ്ധിച്ചത്...അയാളുടെ വീട് പുല്ലു മേഞ്ഞതും തറ മണ്ണു മായിരുന്നു. ജന്മനാ സിദ്ധിച്ച നര്‍മം... അത് മാത്രമായിരുന്നു  ഹൈദര്‍ കാക്കാന്റെ കൈമുതല്‍) 

Friday, January 18, 2013

ബിരിയാണിക്കോയ

നാട്ടിലെ അറിയപ്പെടുന്ന ബിരിയാണി വെപ്പുകാരനാണ് ബിരിയാണിക്കോയ. കല്യാണ സീസണ്‍ വന്നാല്‍ കോയ തിരക്കിലാണ്. ഒരു ദിവസം ഒന്നിലധികം കല്യാണങ്ങള്‍  ഉണ്ടെങ്കില്‍ മകന്‍ നാസറിനെ ഒരു വീട് ഏല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണിലൂടെ അവനു നിര്‍ദ്ദേശങ്ങള്‍ കൊടുക്കും.

ഒരു ദിവസം ഒരു കല്യാണ വീട്ടില്‍ ബിരിയാണി വെച്ച് കൊണ്ടിരിക്കുമ്പോള്‍ സംശയം ചോദിച്ചുള്ള മകന്‍റെ ഫോണ്‍....വിശദമായി വിവരണം നല്‍കുന്നതിനിടയില്‍ സ്വന്തം ചെമ്പിലെ ബിരിയാണി കരിഞ്ഞു പോയോ എന്ന്‍ സംശയം....

പെട്ടെന്ന്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...കൈയില്‍ കിട്ടിയ ഒരു പാത്രവുമെടുത്ത് നേരെ കിണറ്റിന്‍ കരയിലേക്ക് നടന്നു. അധികം ആഴമില്ലാത്ത കിണര്‍...വെള്ളവും കുറവ്...നാലു പാടും നോക്കി. ഭാഗ്യം...ആരും ശ്രദ്ധിക്കുന്നില്ല. രണ്ടും കല്‍പ്പിച്ച് ബിരിയാണിക്കോയ കിണറ്റിലേക്ക് എടുത്തൊരു ചാട്ടം...

ബിരിയാണിക്കോയ കിണറ്റില്‍ വീണേ.....കല്യാണ വീട്ടില്‍ കൂടിയോരെല്ലാം കിണറ്റിന്‍ കരയിലെത്തി...കോയയെ കിണറ്റില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമം തുടങ്ങി..ഇതിനിടയില്‍ കിണറ്റില്‍ നിന്നും കോയ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..."കൂട്ടരേ...എന്‍റെ കാര്യം വിട്...ഞാന്‍ എങ്ങെനെയെങ്കിലും കേറി വന്നോളാം...ചെമ്പിലുള്ള ബിരിയാണി കരിഞ്ഞു പോകുമല്ലോ പടച്ചോനെ...ആരെങ്കിലും ചെമ്പിന്‍റെ അടുത്തെക്കൊന്നു പോകീന്ന്‍..."

അന്നത്തെ ബിരിയാണിക്ക് കരിഞ്ഞ ഗന്ധം....പക്ഷെ, ആരും കുറ്റം പറഞ്ഞില്ല കേട്ടോ...ബിരിയാണി കരിഞ്ഞാലും കോയയുടെ ജീവന്‍ തിരിച്ചു കിട്ടിയല്ലോ...ആശ്വാസം...