Pages

Monday, November 3, 2014

സദാചാര കോടതി

രംഗം ഒന്ന്‍. ഒരു വേനല്‍ക്കാല പുലരി. സമയം രാവിലെ പതിനൊന്നു മണി. ഒരു കോടതി വരാന്ത. ചീഫ് ജസ്റ്റീസ് 'ഓങ്ങന്‍ കുറുപ്പ് ' തന്‍റെ അംഗ രക്ഷകരോടൊപ്പം സുസ്മേര വദനനായി നടന്നുവരുന്നു. ഇതേ സമയം വക്കീല്‍ ഇബ്രുവിനേയും കാത്ത് വരാന്തയുടെ ഒരു തൂണും ചാരി നില്‍പ്പാണ് കൊണ്ടോട്ടി കുഞ്ഞാപ്പു. മുഖത്തേക്ക് വെയില്‍ നാളം ഏല്‍ക്കുന്നതിനാല്‍ തന്‍റെ മുഖം അല്പം കോട്ടിയിട്ടാണ് കുഞ്ഞാപ്പുവിന്റെ നില്‍പ്പ്. അതു വഴി കടന്നുപോകുന്ന ജഡ്ജി കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് ഒന്ന് കൂടി തറപ്പിച്ചു നോക്കുന്നു. കുഞ്ഞാപ്പുവിന്റെ മുഖത്തിന്‌ മാറ്റമില്ല. തന്നെ പല്ലിളിച്ചു കാണിക്കാന്‍ ഈ രാജ്യത്ത് തന്‍റെ ഭാര്യയെ കൂടാതെ വേറൊരു എമ്പോക്കിയോ? ചീഫ് ജസ്റ്റീസ് കൊപാകുലനാവുന്ന ഭാവം ക്ളോസപ്പില്‍....
.........................................................................................................
രംഗം രണ്ട്. കോടതിയുടെ അകം. ഇരിപ്പിടത്തില്‍ ഉപവിഷ്ടനാവുന്ന ജഡ്ജി. അകത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരില്‍ ഒരാളെ വിളിച്ചു തൂണും ചാരി നില്‍ക്കുന്ന കുഞ്ഞാപ്പുവിനെ പ്രതിക്കൂട്ടിലേക്ക് കൊണ്ട് വരാന്‍ കല്‍പ്പിക്കുന്നു. കാരണം അറിയാഞ്ഞിട്ടു പോലും യാതൊരു കൂസലും ഇല്ലാതെ കുഞ്ഞാപ്പു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ജഡ്ജി കുറ്റപത്രം എഴുതി അതു വായിക്കുന്നു. "ബഹുമാനപ്പെട്ട കോടതി വരാന്തയില്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അതുവഴി പോകുന്നവരെയും വരുന്നവരെയും അവഹേളിക്കുന്ന രീതിയില്‍ പല്ലിളിച്ചു ഗോഷ്ടി കാണിക്കുന്ന ഈ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല. ആയതിനാല്‍ പ്രതിയുടെ പ്രായം ആരോഗ്യം ഇവ കണക്കിലെടുത്ത് പ്രതിയില്‍ നിന്നും ആയിരം രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും ഈ കോടതി വിധിച്ചിരിക്കുന്നു. പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ?"
"ഉണ്ട് ഏമാനേ... ആയിരം ഉലുവ ഈ കൊണ്ടോട്ടി കുഞ്ഞാപ്പുന് വെറും പുല്ലാ...അതു ചോയിക്കാന്‍ വേണ്ടി ന്നെ ഈ കൂട്ടില്‍ക്ക് വിളിച്ചു വരുത്തേണ്ട വല്ല കാര്യും ണ്ടായിരുന്നോ....ചോയിച്ചാല്‍ ഞാന്‍ പൊറത്ത് ന്ന് തന്നെ തരൂലായിരുന്നോ...."
ഇത്രയും പറഞ്ഞ് തന്‍റെ ഉടുമുണ്ട് പൊക്കി ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും ആയിരം രൂപ എടുത്തു കൊടുക്കുന്നു. ഉടനെ ജഡ്ജി
"വീണ്ടും കോടതിയെ അപമാനിച്ചു... കോടതിയില്‍ മുണ്ട് പൊക്കി കാണിച്ചതിന് പ്രതിക്ക് രണ്ടായിരം രൂപ പിഴ അടക്കാന്‍ ഈ കോടതി വിധിക്കുന്നു..."
..................................................................................................................
രംഗം മൂന്ന്‍. അതേ കോടതിയുടെ മുന്‍ഭാഗം. കുഞ്ഞാപ്പുവിന്റെ ചുറ്റും വിവിധ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍... കുഞ്ഞാപ്പുന്റെ പ്രതികരണം
"വെയില്‍ കൊണ്ടപ്പോ നെറ്റി ചുളിച്ചതിനു ആയിരം രൂപ...പൈസ എടുക്കാന്‍ ട്രൌസറില്‍ കയ്യിട്ടതിനു രണ്ടായിരം രൂപ...ഇതൊക്കെ ഞാന്‍ അറിയാതെ ചെയ്തതാ... ഇപ്പം ഞാന്‍ പോണൂ... പോയിട്ട് ഞാന്‍ നവംബര്‍ രണ്ടാം തീയതി ഒരു വരവ് വരും. ഒറ്റക്കല്ല...ന്‍റെ നാട്ടിലെ ഉളുപ്പില്ലാത്ത ന്‍റെ ചെങ്ങായ്മാരെ മുഴുവന്‍ അണ്ടര്‍വെയര്‍ ഇടാതെ ഇവടെ കൂട്ടിക്കൊണ്ടു ഒരു വരവ് വരും. അന്ന് ഞങ്ങള്‍ എല്ലാരും കൂടി ആ ജഡ്ജിക്ക് ഒരു പണി കൊടുക്കും. ഞങ്ങള് മുന്നും പിന്നും കാട്ടിക്കൊടുക്കും. പൈസ എത്ര അടക്കേണ്ടി ബന്നാലും ഈ കുഞ്ഞാപ്പുന് പുല്ലാ....."

Sunday, November 2, 2014

കിണ്ടി...

ചെറുപ്പത്തില്‍ കേട്ട, എന്‍റെ ഉമ്മ പറഞ്ഞ ഒരു കഥയാണ്. ഒരു മുസ്ലിം കല്യാണ വീട്. കല്യാണത്തിന്റെ തലേദിവസം രാത്രി കുടുംബങ്ങള്‍ എല്ലാം ഒത്തു കൂടിയിട്ടുണ്ട്. സ്ത്രീകള്‍ എല്ലാവരുംകൂടി ഒരു മുറിയില്‍ സൊറ പറഞ്ഞു ഇരിക്കുകയാണ്. കൂട്ടത്തില്‍ പ്രായം ചെന്ന ഒരു വലിയുമ്മ വെറ്റിലയും മുറുക്കി മാറി ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ അകത്തുണ്ടായിരുന്ന വെള്ളം നിറച്ച ഒരു കിണ്ടിയുമായി ഒരു സ്ത്രീ മൂത്രമൊഴിക്കാന്‍ പുറത്തേക്കു പോയി. (ഇന്നത്തെപ്പോലെ അകത്തു കക്കൂസും കുളിമുറിയും അന്നില്ലായിരുന്നു) ആ സ്ത്രീ തിരിച്ചു വന്നു. കിണ്ടിയിലെ വെള്ളം പാതി തീര്‍ന്നിരുന്നു. കുറച്ചു കഴിഞ്ഞു വേറൊരു സ്ത്രീ പുറത്തു പോയി വന്നതോടെ കിണ്ടി കാലിയായി. പിന്നീട് പോകുന്നവര്‍ വെള്ളം ഇല്ലാത്ത കിണ്ടിയുമായാണ് മൂത്രപ്പുരയിലേക്ക്‌ പോകുന്നത്. എന്നാല്‍ എല്ലാരും കിണ്ടിയില്‍ നിറയെ വെള്ളമുണ്ടെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ പിടിച്ചാണ് പോക്ക്. ആ വലിയുമ്മ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ വല്ല്യുമ്മ ഒരു സ്ത്രീയോട് പറഞ്ഞു: "മോളേ...അടുക്കളയില്‍ ചെന്ന് ആ 'ചെരവ' ഇങ്ങോട്ട് കൊണ്ട് വാ..."
ചിരവയുമായി ഇരുട്ടിലേക്ക് ഇറങ്ങിയ വല്ല്യുമ്മ മുറിയിലുണ്ടായിരുന്നവരോട് പറഞ്ഞു: "കുട്ട്യോളെ...ഞാനൊന്ന് മൂത്രം പാത്തി വരാം..."
ഒരു സ്ത്രീ ചോദിച്ചു.
"മൂത്രം ഒഴിക്കാന്‍ എന്തിനാ വല്ലിമ്മാ ചെരവ"
"അതോ...എല്ലാരും തൊണക്ക് ഒരു കിണ്ടി കൊണ്ടോകുന്നു...ഞാന്‍ ചെരവ കൊണ്ടോകുന്നു.."
(ഇതിനകത്തെ ഹാസ്യത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഇതില്‍ അടങ്ങിയ ഒരു സന്ദേശമുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആരും ശ്രദ്ധിക്കുന്നില്ല എന്ന വിശ്വാസത്തില്‍ വെള്ളമില്ലാത്ത കിണ്ടിയുമായി നമ്മളൊക്കെ ജീവിതത്തില്‍ പലവട്ടം മൂത്രം ഒഴിക്കാന്‍ പോയിട്ടില്ലേ...)

ഒരുപാട് പറഞ്ഞു തന്നു. തമാശകളും അല്ലാത്തതും...ഇനിയും പലതും പറയാന്‍ ബാക്കി വെച്ച് ഉമ്മ വിട പറഞ്ഞിട്ട് പത്തു വര്‍ഷം തികയുന്നു....