Pages

Sunday, December 30, 2012

MALABAR JOKES: മുരിക്കിലെ പ്രയോഗം

MALABAR JOKES: മുരിക്കിലെ പ്രയോഗം: അന്നത്തെ മുസ്ലിയാരുടെ വയളിന്റെ വിഷയം വ്യഭിചാരം എന്നായിരുന്നു. ഇത്തരം വിഷയങ്ങള്‍ ഇഷ്ടം പോലെ മസാല ചേര്‍ത്ത് എത്ര നേരം വേണമെങ്കിലും ചില മുസ്ല...

മുരിക്കിലെ പ്രയോഗം

അന്നത്തെ മുസ്ലിയാരുടെ വയളിന്റെ വിഷയം വ്യഭിചാരം എന്നായിരുന്നു. ഇത്തരം വിഷയങ്ങള്‍ ഇഷ്ടം പോലെ മസാല ചേര്‍ത്ത് എത്ര നേരം വേണമെങ്കിലും ചില മുസ്ലിയാക്കള്‍ വിളമ്പും... "വ്യഭിചാരം നടത്തുന്ന ആളുകള്‍  ഭൂമിയില്‍ ആരും കാണാതെ രക്ഷപ്പെട്ടാലും മരിച്ചു കഴിഞ്ഞാല്‍ പരലോകത്ത് അതി കഠിനമായ ശിക്ഷയുണ്ട്... കൂട്ടരേ... പരലോകത്ത് ഒരു മുള്ള് മുരിക്കിന്റെ മരമുണ്ട്. ആ മരത്തില്‍ നിങ്ങളെ നഗ്നരായി കെട്ടി മേലോട്ടും കീഴോട്ടും വലിക്കും".... 
പ്രസംഗം കഴിഞ്ഞു  രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു വീട്ടിലെത്തിയ മുസ്ലിയാരോട് വീട്ടുടമസ്ഥന്‍ അന്ന്‍ അവിടെ തങ്ങാന്‍ അനുവാദം കൊടുത്തു. 'വിഷയ' കാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന മുസ്ലിയാര്‍ രാത്രിയില്‍ ആരുമറിയാതെ വീട്ടുകാരിയുടെ സമീപത്ത് എത്തി. വീട്ടുകാരി മുസ്ലിയാരോട് പ്രസംഗത്തില്‍ സൂചിപ്പിച്ച മുരിക്ക് മരത്തിന്‍റെ കാര്യം ഓര്‍മിപ്പിച്ചു. മുസ്ലിയാരുടെ മറുപടി ഇങ്ങിനെയായിരുന്നു...
"അനക്കുണ്ടോ പാത്തുമ്മാ പിരാന്ത്... നമ്മള് പോകുന്നതിനും മുമ്പ് അവടെ ഏതെല്ലാം നാട്ടീന്നു എത്ര പേര്‍ അവടെയെത്തും.... അവരെയൊക്കെ കെട്ടി വലിച്ചു വലിച്ചു ആ മുരിക്കിന്റെ മുള്ള് തേഞ്ഞു തേഞ്ഞു അതൊരു കമുങ്ങിന്റെ കോലത്തില്‍ ആയിക്കാണും..."

Friday, December 28, 2012

വയള് പരമ്പര അഥവാ പാതിരാ പ്രസംഗം

റംസാന്‍ മാസത്തിലെ രാത്രി കാലങ്ങളില്‍  ഏറനാടന്‍ നാട്ടിന്‍ പുറങ്ങള്‍ സജീവമാവുന്നത് വയള് പരമ്പര അഥവാ പാതിരാ പ്രസംഗം എന്ന പരിപാടി കൊണ്ടാണ്. ഇതിന്‍റെ പിന്നിലെ രഹസ്യം ജനങ്ങളെ ഉപദേശിച്ചു നന്നാക്കല്‍ എന്നതിലുപരി പണപ്പിരിവ് തന്നെ എന്നത് അരമന രഹസ്യം. ഇതാ ചില  വയള്ഫലിതങ്ങള്‍.................... .....

പ്രസംഗം കഴിഞ്ഞാല്‍പ്പിന്നെ ലേലം... പള്ളിക്ക് വേണ്ട പണം സ്വരൂപിക്കല്‍ അങ്ങിനെയാണ്. ഇഷ്ടമുള്ള എന്തും ആര്‍ക്കും സംഭാവന നല്‍കാം. രായിന്‍ കാക്ക പേരു വായിക്കും. കൊടുത്ത സാധനങ്ങള്‍ മേശപ്പുറത്തു വെച്ചിട്ടുണ്ടാവും. മുസ്ലിയാര്‍ അതെടുത്ത് പൊക്കിപ്പിടിച്ച് പ്രാര്‍ത്ഥന നടത്തും...ആദ്യം നാട്ടിലെ പ്രമാണിമാരുടെ വലിയ സംഖ്യകള്‍....... അവരെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് വേണ്ടിയും അവരുടെ മരിച്ചു പോയ കാരണവന്‍മാര്‍ക്ക് വേണ്ടിയും സുദീര്‍ഘമായ പ്രാര്‍ത്ഥന നടത്തി മുസ്ലിയാര്‍ ക്ഷീണിച്ചു പോയിരിക്കും. ഇനി പാവങ്ങളുടെ ഊഴം. രായിന്‍ കാക്ക മേശപ്പുറത്തു നിന്നും ഒരു കോഴിമുട്ട എടുത്തു മുസ്ലിയാരുടെ കൈയില്‍ കൊടുത്തു വായിച്ചു..."മരിച്ചു പോയ പാറമ്മല്‍ കദീസുവിനും, വലിയുപ്പ, വലിയുമ്മ, എളയുപ്പ എന്നിവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം സുഗമമാക്കാന്‍ പിലാക്കല്‍ മോയിന്‍ വക കോഴിമുട്ട ഒന്ന്‍..".""" 
മുസ്ലിയാരുടെ ക്ഷമ കെട്ടു... "ഇവടെ ലക്ഷങ്ങള്‍ കൊടുത്തിട്ട് ഒരാള് എങ്ങനെ സ്വര്‍ഗത്തില്‍ പോവാന്‍ പറ്റും എന്ന് കാത്തിരുക്കുമ്പോള്‍ ഓന്‍ ഒരു കോഴിമുട്ട കൊണ്ട് ഒരു തറവാട് മുഴുവനും അങ്ങനെ സ്വര്‍ഗത്തില്‍ പറഞ്ഞയക്കാന്‍ വന്നിരിക്കുന്നു... മോയിനേ... അന്‍റെ കൈയില്‍ വേറെ എന്തെങ്കിലും ഉണ്ടോ" എന്ന് ചോദിച്ചു.. മോയിന്‍ പറഞ്ഞു.."ഒരു കുപ്പി തേന്‍ ഉണ്ട് മുസ്ലിയാരെ.."
മുസ്ലിയാര്‍ സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചു... "പടച്ചോനെ... പിലാക്കല്‍ മോയിന്‍ എന്ന ഈ പാവത്തിനു നീ സ്വര്‍ഗത്തില്‍ പതിനായിരക്കണക്കിന് കുപ്പി തേനുകള്‍ ഒഴുക്കി കൊടുക്കണമേ..." മോയിന് സന്തോഷമായി... 
അടുത്തത് കോഴിക്കച്ചവടക്കാരന്‍ അയമ്മദിന്റെ വക ഒരു കോഴി... മുസ്ലിയാര്‍  പ്രാര്‍ത്ഥിച്ചു.."പടച്ചോനെ........അയമ്മദിന് നീ സ്വര്‍ഗത്തില്‍ പതിനായിര ക്കണക്കിന് കോഴികളെ നല്‍കേണമേ..." 
ഇത് കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും പിലാക്കല്‍ മോയിന്‍ ഓടി വന്നു മുസ്ലിയാരോട് പറഞ്ഞു... "അങ്ങനെയാണെങ്കില്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോണില്ല മുസ്ലിയാരെ... ന്‍റെ തേന്‍ ഒഴുകണ സ്വര്‍ഗത്തില്‍ അയമ്മദിന്റെ പതിനായിരക്കണക്കിന് കോഴികള്‍ വന്നാല്‍ ....ന്‍റെ തേനില്‍ മുഴുക്കെ കോഴിക്കാട്ടം ആയിരിക്കൂലെ.."

Thursday, December 20, 2012

മലപ്പുറം പ്രയോഗം

മലപ്പുറം ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഭാഷാ പ്രയോഗങ്ങള്‍ വളരെ രസകരമാണ്. ഒരു കോട്ടയം ജില്ലക്കാരനും മലപ്പുറം ജില്ലക്കാരനും തമ്മില്‍ വഴക്കു നടക്കുകയാണ്. 
കോട്ടയത്തുകാരന്‍ ഒരു പാടു വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മലപ്പുറത്തുകാരന്‍ വളരെ കുറച്ചു പദങ്ങളെ ഉപയോഗിക്കുന്നുള്ളൂ.

കോട്ടയത്തുകാരന്‍: "എനിക്ക് നീ എന്തോന്ന്‍ കോപ്പാ... നീയൊക്കെ എനിക്കു ചുമ്മാ  ഒരു പുഴുവാണേ.... വെറും കീടം..."

മലപ്പുറത്തുകാരന്‍: "ച്ച്  ജ്ജും"

(എനിക്കു നീയും എന്ന്‍ )

***************************************************************************

മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ ടീച്ചര്‍ കുട്ടിയോട് 

"എന്താ കുട്ടീ ഫീസ്‌ അടക്കാത്തത്‌"?

കുട്ടി: " മാങ്ങ വിറ്റിട്ട് അടക്ക ടീച്ചറേ"

ടീച്ചര്‍: പുസ്തകം വാങ്ങിയോ?

കുട്ടി: " അടക്ക വിറ്റിട്ട് മാങ്ങ  ടീച്ചറേ"

*******************************************************************************

മലപ്പുറം കത്തി

മലപ്പുറം എന്ന പേരിനോളം പഴക്കമുണ്ടാവും മലപ്പുറം കത്തി എന്നതിന്. മലപ്പുറം കത്തി എന്നു കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഒരുപാട് കത്തികള്‍ കാണിച്ചുകൊടുത്തു അതില്‍ നിന്നും മലപ്പുറം കത്തി എടുക്കാന്‍ പറഞ്ഞാല്‍ എത്ര മലപ്പുറം നിവാസികള്‍ക്ക് മലപ്പുറം കത്തി കാണിച്ചു കൊടുക്കാന്‍ കഴിയും എന്നറിയില്ല. പഴയ കാലത്ത് മലപ്പുറം ജില്ലക്കാരെ കുറിച്ച് ഇതര ജില്ലക്കാര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു. എല്ലാ മലപ്പുരതുകാരന്റെ കൈവശം അരയില്‍ തിരുകിയ ഒരു മലപ്പുറം കത്തി കാണും എന്ന്. 
ബോംബയില്‍ (ഇന്നത്തെ മുംബൈ) കുറെ മലയാളി സുഹൃത്തുക്കള്‍ ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ സംസാര മദ്ധ്യേ മലപ്പുറം കത്തി കടന്നു വന്നു. കൂട്ടത്തിലുണ്ടായിരുന്ന മലപ്പുരതുകാരനോട് ഒരു തെക്കന്‍ ജില്ലക്കാരന്‍ എന്താണ് മലപ്പുറം കത്തി? അതൊന്നു കാണിച്ചു തരാമോ എന്നു ചോദിച്ചു.
ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മലപ്പുറംകാരന്റെ മട്ടു മാറി.

"കള്ള പന്നി, നായിന്‍റെ മോനെ, അനക്ക് മലപ്പുറം കത്തി കാണണോ ഡാ ..." എന്ന് അലറിക്കൊണ്ട് അരയില്‍ തപ്പി.

പേടിച്ചു വിറച്ചു പോയ തെക്കന്‍ ജില്ലക്കാരനും ചുറ്റും കൂടിയവരും വേണ്ടാ എന്ന് പറഞ്ഞു.

ഉടനെ മലപ്പുറത്ത്കാരന്‍ തന്‍റെ കുപ്പായം പൊക്കി ശൂന്യമായ അര കാണിച്ചു കൊണ്ടു പറഞ്ഞു. "ഇതു തന്നെയാണ് കൂട്ടരേ മലപ്പുറം കത്തി....."

തമാശകള്‍ക്കു പിന്നില്‍

ഉമ്മയില്‍ നിന്നാണ് സീരിയസ്സായ തമാശകള്‍ പഠിച്ചത്. ചെറുപ്പത്തില്‍ കൂട്ടുകാരുമൊത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും കടയില്‍ പോയി സാധനങ്ങള്‍ കൊണ്ടു വരാന്‍ ഉമ്മ പറയുന്നത്. കളിയുടെ രസച്ചരടു പൊട്ടാതിരിക്കാന്‍ പറഞ്ഞതു കേട്ടില്ലെന്നു നടിക്കും. 'മൂസക്കുട്ടി കാക്കാന്‍റെ നായിനെപ്പോലെയാണ് ന്‍റെ മോന്‍റെ സ്വഭാവം' എന്നു കൂട്ടുകാരോടു ഉമ്മ പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ ഉമ്മ ആ കഥ പറഞ്ഞു. അങ്ങാടിയില്‍ ചായക്കടയിലിരുന്നു മൂസക്കുട്ടി കാക്ക തന്‍റെ  വീട്ടില്‍ വളര്‍ത്തുന്ന നായയെ കുറിച്ച് എന്നും ഒരുപാട് പുകഴ്ത്തി സംസാരിക്കും. ഒരു ദിവസം നായ ചായക്കടയുടെ മുന്‍പില്‍ വന്നു. മൂസക്കുട്ടി കാക്ക എണീറ്റ്‌ എല്ലാവരും കേള്‍ക്കത്തക്ക വിധത്തില്‍ നായയെ വിളിച്ചു. നായ ഒന്നു നോക്കിയിട്ട് തിരിഞ്ഞൊരു നടത്തം. കൂട്ടുകാരുടെ മുമ്പില്‍ ചമ്മിപ്പോയ മൂസക്കുട്ടി കാക്ക നായയോട് പറഞ്ഞത്രെ "അങ്ങനെ പോയിട്ട് കൊറച്ച് കഴിഞ്ഞു ഇങ്ങോട്ട് വാ..." ഉമ്മയുടെ കൂട്ടുകാരികളോട് എന്നെ പുകഴ്ത്തി പറയുമ്പോള്‍ ഞാന്‍ അനുസരിക്കാതിരുന്നാല്‍ ഇതിലും നല്ല ഉപമ എവിടെക്കിട്ടുമെന്നു  ഞാന്‍ ചിന്തിച്ചു. 

അതായിരുന്നു തുടക്കം. ചുറ്റിലും നടക്കുന്ന ദൈന്യം ദിന കാര്യങ്ങങ്ങളില്‍ ഒരുപാടു തമാശകള്‍ ഉണ്ടാവും. എല്ലാം ഓര്‍ത്തു വെക്കാന്‍ ചെറുപ്പം തൊട്ടേ  കഴിയുന്നതും ശ്രമിക്കും. കൂട്ടുകാരുമൊത്ത് കുറച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്തു പങ്കിടും. എല്ലാവരും ആസ്വദിച്ചു ചിരിക്കുന്നവ മെമ്മറിയില്‍ ഫീഡ് ചെയ്യും. 

2002 ല്‍ ഓരോന്നും ഓര്‍ത്തെടുത്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച തോറും മാതൃഭൂമി ദിനപത്രത്തിന്‍റെ കൂടെ നര്‍മഭൂമി തുടങ്ങിയ സമയം. കാര്‍ട്ടൂണുകളും തമാശകളും മാത്രം. ടോംസ് ആയിരുന്നു പത്രാധിപര്‍.  
എഴുത്തുകാര്‍ എല്ലാവരും പ്രശസ്തര്‍. മലബാറില്‍ നിന്നും ആരുമില്ല. അതുകൊണ്ടു തന്നെ മലബാര്‍ ഫലിതങ്ങളുമില്ല. എങ്കില്‍ പിന്നെ ആദ്യത്തെ ഫലിതം മലപ്പുറത്തെ കുറിച്ചു തന്നെയാവട്ടെ.

ഫലിതം പറഞ്ഞു ചിരിപ്പിക്കുന്നതിലും പാടാണ് എഴുതി ഫലിപ്പിക്കാന്‍. കാസര്‍ഗോഡ്‌ മുതല്‍ പാറശ്ശാല വരെയുള്ളവര്‍ക്ക് ഏറനാടന്‍  മലയാളം പെട്ടെന്നു വായിച്ചു മനസ്സിലായില്ലെങ്കില്‍ ചീറ്റിപ്പോകും. 

എന്‍റെ ഗ്രാമത്തിലെ എനിക്കു ചുറ്റുമുള്ള ഒരു പിടി  കഥാപാത്രങ്ങളായിരുന്നു  എന്‍റെ പിടിവള്ളി. നാട്ടുപ്രമാണിമാര്‍, കാരണവന്മാര്‍  മുതല്‍ ഒരുപാടു പേര്‍. നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാവുന്ന കഥകളില്‍ കഥാപാത്രങ്ങളുടെ പേര്‍ തുടക്കത്തില്‍ മാറ്റി കൊടുക്കുമായിരുന്നു. പിന്നീടു നേരില്‍ കാണുമ്പോള്‍ പലരും എന്തിനാ എന്‍റെ പേര് മാറ്റി കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. അവിചാരിതമായി ഇട്ട പേര് തന്നെ മനപ്പൂര്‍വം കരിവാരി തേക്കാന്‍ ചെയ്തതാണെന്ന് തെറ്റിദ്ധരിച്ച്‌ പിണങ്ങിയ സഹപ്രവര്‍ത്തകരും ഉണ്ട്.

Wednesday, December 19, 2012

മഞ്ചേരി ചന്തയിലെ പൊതി

My first blog posted on August, 2006

മഞ്ചേരി ചന്തയിലെ പൊതി

കേളുമൂപ്പന്‍ ഒരു കാളയെ വാങ്ങാന്‍ വേലക്കാരന്‍ രായിനുമൊത്തു മഞ്ചേരി ചന്തയിലെത്തി. കാളയെ വാങ്ങിയ ശേഷം രായിനോടു അതിനെ നാട്ടിലേക്കു കൊണ്ടു വരാന്‍ ഏല്‍പ്പിച്ചു കേളുമൂപ്പന്‍ ബസ്സില്‍ 6 കിലോമീറ്റര്‍ അകലെ കാരകുന്നിലേക്കു യാത്രയായി. രായിന്‍ കാളയെ തെളിച്ചു നടക്കാനും തുടങ്ങി. കുറച്ചു ദൂരം നടന്നപ്പോഴേക്കും ലക്ഷണമൊത്ത കാളയെന്നു കച്ചവടക്കാര്‍ വിശേഷിപ്പിച്ചിരുന്ന കാള നിലത്തു കിടന്നു. രായിന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കാള നിലത്തു നിന്നും എണീക്കുന്ന പ്രശ്നമില്ല. ബേജറായ രായിന്‍ കച്ചവടക്കാരുടെ അടുത്തു ഓടിയെത്തി വിവരം പറഞ്ഞു. കച്ചവടക്കാര്‍ രായിനെ രണ്ടു പൊതികള്‍ ഏല്‍പ്പിച്ചു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു. "ഇതില്‍ 60 എന്ന് എഴുതിയ പൊതിയില്‍ കാണുന്ന ലേപനം ചുവന്ന മുളക്‌ അരച്ചതാണു. 120 എന്ന് എഴുതിയ പൊതിയില്‍ കാണുന്ന പച്ച നിറത്തിലുള്ളതു കാന്താരി മുളക്‌ അരച്ചതും. കാള എണീക്കുന്നില്ലെങ്കില്‍ ആദ്യം 60 എന്ന പൊതിയില്‍ നിന്നും കുറച്ച്‌ എടുത്ത്‌ കാളയുടെ വാല്‍ പൊക്കി മൂട്ടില്‍ തേക്കുക. കാള മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കോളും. 120 പ്രയോഗിച്ചാല്‍ കാള മണിക്കൂറില്‍ 120 കിലോമീറ്ററില്‍ സ്പീഡിലും ഓടിക്കോളും. ഓര്‍ക്കുക. ഗത്യന്തരമില്ലെങ്കില്‍ മാത്രം 120 പ്രയോഗിച്ചല്‍ മതി"....തന്റെ വീട്ടു പടിക്കല്‍ രായിന്‍ കാളയെ തെളിച്ചു വരുന്നതും കാത്തു നില്‍ക്കുകയാണു കേളുമൂപ്പന്‍. അപ്പോളതാ കാണുന്നു ദൂരെ... ഓടി കുതിച്ചു വരുന്നൂ രായിന്‍. കേളുമൂപ്പന്‍ രയിനെ പിടിച്ചു നിര്‍ത്തി. കിതച്ചു കൊണ്ടു രായിന്‍ ചന്തയിലെ കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. "മൊതലാളീ... ഞാന്‍ കാളയുടെ വാല്‍ പൊക്കി അറുപതിന്റെ പൊതിയില്‍ നിന്നും കുറച്ച്‌ എടുത്തു തേച്ചു. കാള എണീറ്റ്‌ ഓടാന്‍ തുടങ്ങി. ഞാന്‍ എത്ര ശ്രമിച്ചിട്ടും കാളയുടെ ഒപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ല. കാളയുടെ ഒപ്പമെത്താന്‍ പൊതിയില്‍ നിന്നു കുറച്ചെടുത്തു ഞാനും തേച്ചു. പക്ഷേ...ധൃതിയില്‍ ഞാനെടുത്തു തേച്ചതു 120 -ന്റെ പൊതിയില്‍ നിന്നായിരുന്നു. അതുകൊണ്ടു ഞാന്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയെത്തി. കാള എന്റെ പിറകേ വരുന്നുണ്ട്‌. കുറച്ചു കഴിഞ്ഞെത്തും....."