Pages

Thursday, December 20, 2012

തമാശകള്‍ക്കു പിന്നില്‍

ഉമ്മയില്‍ നിന്നാണ് സീരിയസ്സായ തമാശകള്‍ പഠിച്ചത്. ചെറുപ്പത്തില്‍ കൂട്ടുകാരുമൊത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും കടയില്‍ പോയി സാധനങ്ങള്‍ കൊണ്ടു വരാന്‍ ഉമ്മ പറയുന്നത്. കളിയുടെ രസച്ചരടു പൊട്ടാതിരിക്കാന്‍ പറഞ്ഞതു കേട്ടില്ലെന്നു നടിക്കും. 'മൂസക്കുട്ടി കാക്കാന്‍റെ നായിനെപ്പോലെയാണ് ന്‍റെ മോന്‍റെ സ്വഭാവം' എന്നു കൂട്ടുകാരോടു ഉമ്മ പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ ഉമ്മ ആ കഥ പറഞ്ഞു. അങ്ങാടിയില്‍ ചായക്കടയിലിരുന്നു മൂസക്കുട്ടി കാക്ക തന്‍റെ  വീട്ടില്‍ വളര്‍ത്തുന്ന നായയെ കുറിച്ച് എന്നും ഒരുപാട് പുകഴ്ത്തി സംസാരിക്കും. ഒരു ദിവസം നായ ചായക്കടയുടെ മുന്‍പില്‍ വന്നു. മൂസക്കുട്ടി കാക്ക എണീറ്റ്‌ എല്ലാവരും കേള്‍ക്കത്തക്ക വിധത്തില്‍ നായയെ വിളിച്ചു. നായ ഒന്നു നോക്കിയിട്ട് തിരിഞ്ഞൊരു നടത്തം. കൂട്ടുകാരുടെ മുമ്പില്‍ ചമ്മിപ്പോയ മൂസക്കുട്ടി കാക്ക നായയോട് പറഞ്ഞത്രെ "അങ്ങനെ പോയിട്ട് കൊറച്ച് കഴിഞ്ഞു ഇങ്ങോട്ട് വാ..." ഉമ്മയുടെ കൂട്ടുകാരികളോട് എന്നെ പുകഴ്ത്തി പറയുമ്പോള്‍ ഞാന്‍ അനുസരിക്കാതിരുന്നാല്‍ ഇതിലും നല്ല ഉപമ എവിടെക്കിട്ടുമെന്നു  ഞാന്‍ ചിന്തിച്ചു. 

അതായിരുന്നു തുടക്കം. ചുറ്റിലും നടക്കുന്ന ദൈന്യം ദിന കാര്യങ്ങങ്ങളില്‍ ഒരുപാടു തമാശകള്‍ ഉണ്ടാവും. എല്ലാം ഓര്‍ത്തു വെക്കാന്‍ ചെറുപ്പം തൊട്ടേ  കഴിയുന്നതും ശ്രമിക്കും. കൂട്ടുകാരുമൊത്ത് കുറച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്തു പങ്കിടും. എല്ലാവരും ആസ്വദിച്ചു ചിരിക്കുന്നവ മെമ്മറിയില്‍ ഫീഡ് ചെയ്യും. 

2002 ല്‍ ഓരോന്നും ഓര്‍ത്തെടുത്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച തോറും മാതൃഭൂമി ദിനപത്രത്തിന്‍റെ കൂടെ നര്‍മഭൂമി തുടങ്ങിയ സമയം. കാര്‍ട്ടൂണുകളും തമാശകളും മാത്രം. ടോംസ് ആയിരുന്നു പത്രാധിപര്‍.  
എഴുത്തുകാര്‍ എല്ലാവരും പ്രശസ്തര്‍. മലബാറില്‍ നിന്നും ആരുമില്ല. അതുകൊണ്ടു തന്നെ മലബാര്‍ ഫലിതങ്ങളുമില്ല. എങ്കില്‍ പിന്നെ ആദ്യത്തെ ഫലിതം മലപ്പുറത്തെ കുറിച്ചു തന്നെയാവട്ടെ.

ഫലിതം പറഞ്ഞു ചിരിപ്പിക്കുന്നതിലും പാടാണ് എഴുതി ഫലിപ്പിക്കാന്‍. കാസര്‍ഗോഡ്‌ മുതല്‍ പാറശ്ശാല വരെയുള്ളവര്‍ക്ക് ഏറനാടന്‍  മലയാളം പെട്ടെന്നു വായിച്ചു മനസ്സിലായില്ലെങ്കില്‍ ചീറ്റിപ്പോകും. 

എന്‍റെ ഗ്രാമത്തിലെ എനിക്കു ചുറ്റുമുള്ള ഒരു പിടി  കഥാപാത്രങ്ങളായിരുന്നു  എന്‍റെ പിടിവള്ളി. നാട്ടുപ്രമാണിമാര്‍, കാരണവന്മാര്‍  മുതല്‍ ഒരുപാടു പേര്‍. നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാവുന്ന കഥകളില്‍ കഥാപാത്രങ്ങളുടെ പേര്‍ തുടക്കത്തില്‍ മാറ്റി കൊടുക്കുമായിരുന്നു. പിന്നീടു നേരില്‍ കാണുമ്പോള്‍ പലരും എന്തിനാ എന്‍റെ പേര് മാറ്റി കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. അവിചാരിതമായി ഇട്ട പേര് തന്നെ മനപ്പൂര്‍വം കരിവാരി തേക്കാന്‍ ചെയ്തതാണെന്ന് തെറ്റിദ്ധരിച്ച്‌ പിണങ്ങിയ സഹപ്രവര്‍ത്തകരും ഉണ്ട്.

3 comments:

  1. ഇഷ്ട്മായി ഈ രചന

    ReplyDelete
  2. കൂടുതൽ പോരട്ടെ., ശുദ്ധഹാസ്യം ഇഷ്ടപ്പെടാത്തവർ ആരുണ്ട്..

    ReplyDelete