Pages

Sunday, November 2, 2014

കിണ്ടി...

ചെറുപ്പത്തില്‍ കേട്ട, എന്‍റെ ഉമ്മ പറഞ്ഞ ഒരു കഥയാണ്. ഒരു മുസ്ലിം കല്യാണ വീട്. കല്യാണത്തിന്റെ തലേദിവസം രാത്രി കുടുംബങ്ങള്‍ എല്ലാം ഒത്തു കൂടിയിട്ടുണ്ട്. സ്ത്രീകള്‍ എല്ലാവരുംകൂടി ഒരു മുറിയില്‍ സൊറ പറഞ്ഞു ഇരിക്കുകയാണ്. കൂട്ടത്തില്‍ പ്രായം ചെന്ന ഒരു വലിയുമ്മ വെറ്റിലയും മുറുക്കി മാറി ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ അകത്തുണ്ടായിരുന്ന വെള്ളം നിറച്ച ഒരു കിണ്ടിയുമായി ഒരു സ്ത്രീ മൂത്രമൊഴിക്കാന്‍ പുറത്തേക്കു പോയി. (ഇന്നത്തെപ്പോലെ അകത്തു കക്കൂസും കുളിമുറിയും അന്നില്ലായിരുന്നു) ആ സ്ത്രീ തിരിച്ചു വന്നു. കിണ്ടിയിലെ വെള്ളം പാതി തീര്‍ന്നിരുന്നു. കുറച്ചു കഴിഞ്ഞു വേറൊരു സ്ത്രീ പുറത്തു പോയി വന്നതോടെ കിണ്ടി കാലിയായി. പിന്നീട് പോകുന്നവര്‍ വെള്ളം ഇല്ലാത്ത കിണ്ടിയുമായാണ് മൂത്രപ്പുരയിലേക്ക്‌ പോകുന്നത്. എന്നാല്‍ എല്ലാരും കിണ്ടിയില്‍ നിറയെ വെള്ളമുണ്ടെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ പിടിച്ചാണ് പോക്ക്. ആ വലിയുമ്മ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ വല്ല്യുമ്മ ഒരു സ്ത്രീയോട് പറഞ്ഞു: "മോളേ...അടുക്കളയില്‍ ചെന്ന് ആ 'ചെരവ' ഇങ്ങോട്ട് കൊണ്ട് വാ..."
ചിരവയുമായി ഇരുട്ടിലേക്ക് ഇറങ്ങിയ വല്ല്യുമ്മ മുറിയിലുണ്ടായിരുന്നവരോട് പറഞ്ഞു: "കുട്ട്യോളെ...ഞാനൊന്ന് മൂത്രം പാത്തി വരാം..."
ഒരു സ്ത്രീ ചോദിച്ചു.
"മൂത്രം ഒഴിക്കാന്‍ എന്തിനാ വല്ലിമ്മാ ചെരവ"
"അതോ...എല്ലാരും തൊണക്ക് ഒരു കിണ്ടി കൊണ്ടോകുന്നു...ഞാന്‍ ചെരവ കൊണ്ടോകുന്നു.."
(ഇതിനകത്തെ ഹാസ്യത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഇതില്‍ അടങ്ങിയ ഒരു സന്ദേശമുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആരും ശ്രദ്ധിക്കുന്നില്ല എന്ന വിശ്വാസത്തില്‍ വെള്ളമില്ലാത്ത കിണ്ടിയുമായി നമ്മളൊക്കെ ജീവിതത്തില്‍ പലവട്ടം മൂത്രം ഒഴിക്കാന്‍ പോയിട്ടില്ലേ...)

ഒരുപാട് പറഞ്ഞു തന്നു. തമാശകളും അല്ലാത്തതും...ഇനിയും പലതും പറയാന്‍ ബാക്കി വെച്ച് ഉമ്മ വിട പറഞ്ഞിട്ട് പത്തു വര്‍ഷം തികയുന്നു....

No comments:

Post a Comment